വിജയവും പരാജയവും ഒരു മിഥ്യയോ?
എന്താണ് വിജയം…?
എന്താണ് പരാജയം…?
തുടർന്ന് വായിക്കുന്നതിന് മുൻപ് ഒന്ന് കണ്ണടച്ച് ആലോചിച്ച് നോക്കൂ… എന്താണ് വിജയം,പരാജയം എന്നതിൻ്റെ നിങ്ങളുടെ നിർവചനം? കണ്ണടച്ച് കുറച്ച് നിമിഷം ആലോചിച്ച് നോക്കൂ…
നിങ്ങൾ ഇത് തുടർന്ന് വായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ വിജയ പരാജയങ്ങൾക്ക് ഒരു നിർവചനം ഉണ്ടാകും എന്ന് വിചാരിക്കുന്നു.
മിക്ക ആളുകളും വിജയത്താൽ വശീകരിക്കപ്പെടുകയും പരാജയത്താൽ തകർക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യാഥാർത്ഥത്തിൽ ഇവ രണ്ടും ഒരു വിഷയമേ അല്ല. വിജയത്തെയും പരാജയത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വെറും മിഥ്യാധാരണകളാണ്. വിജയമോ…പരാജയമോ… അതൊന്നും ശരിക്കും ഒരു പ്രശ്നമേയല്ല. എന്നിട്ടും നമ്മൾ അവക്ക് വളരെയധികം അർത്ഥം കല്പിക്കുന്നു. നിങ്ങൾ ശരിക്കും നോക്കേണ്ടത് വിജയമോ പരാജയമോ എന്തുതന്നെയായാലും, അത് നിങ്ങളിൽ എന്ത് മാറ്റമുണ്ടാക്കി എന്നതാണ് നിങ്ങള്‍ നോക്കേണ്ടത്.
നിങ്ങൾ വളർന്നോ? അല്ലെങ്കിൽ നിങ്ങൾ എങ്ങനെ വളർന്നുകൊണ്ടിരിക്കുന്നൂ ? നിങ്ങളിൽ എന്ത് പരിണാമമാണ് സംഭവിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാകുന്നു.
നമ്മളുടെ എല്ലാവരുടെയും ജീവിതത്തിൽ തിരിച്ചടികളും, പോരാട്ടങ്ങളും ഉണ്ടാകും എന്നുള്ളതാണ് പരമാർത്ഥം. ഈ സത്യം നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടും. നിങ്ങൾ “പരാജയപ്പെട്ടു” എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ തനിച്ചല്ലെന്ന് അറിയുക, മനസ്സിലാക്കുക. അറിവ് അല്ലെങ്കിൽ അവബോധം എന്നത് ഒരു പവർഫുൾ ടൂൾ ആണെന്ന് മനസ്സിലാക്കുക.
നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലോ, സംരംഭകത്വതിലോ ഒരു സൂപ്പർ മാനോ, വണ്ടർ വുമണോ ആകണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും പ്രതിരോധങ്ങൾ നേരിടേണ്ടതായി വരും. എങ്കിൽ മാത്രമേ നിങ്ങൾക്കൊരു എക്സ്ട്രാ ഓർഡിനറി ജീവിതം നയിക്കുന്ന ഒരാളായി മാറാൻ കഴിയൂ. നമ്മൾ ടിവി ചാനൽ, നെറ്റ്ഫ്ളിക്സ്, അമാസോൺ പ്രൈം പോലുള്ള സബ്സ് ക്രിപ്ഷൻ പാക്കേജുകൾ എടുക്കുമ്പോൾ അതിൽ ഒരുപാട് സർവീസസ്, അല്ലെങ്കിൽ അനുഭവങ്ങൾ നമുക്ക് ലഭിക്കും. ഒരുപക്ഷേ അതിലെ എല്ലാ സർവീസുകളും നമുക്ക് ആവശ്യമുള്ളതായികൊള്ളണം എന്നില്ല. അത് പോലെ, നിങ്ങളുടെ എക്സ്ട്രാ ഓർഡിനറി ജീവിത യാത്രയിൽ പരാജയങ്ങളും വേദനകളും ഈ എക്സ്ട്രാ ഓർഡിനറി ലൈഫ് പാക്കേജിന്റെ ഭാഗമാണ്.വല്ലപ്പോഴുമുള്ള പരാജയം നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിലും, വേദന എന്നത് ഓപ്‌ഷണലാണ്. അത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നാണ്.
ഞാൻ വിശ്വസിക്കുന്നത് സാധാരണയായി നമ്മൾ നമ്മുടെ മികച്ച നമ്മളെ മറ്റുള്ളവർക്ക് നൽകാറില്ല എന്നാണ്, നമ്മിലെ ബെസ്റ്റ് സുഹൃത്തിനെ, അല്ലെങ്കിൽ നമ്മിലെ ബെസ്റ്റ് സഹോദരനെ, സഹോദരിയെ, മകനെ, മകളെ, നമ്മിലെ മികച്ച അച്ഛനെ, അമ്മയെ, നമ്മിലെ മികച്ച അയൽവാസിയെ, നമ്മിലെ മികച്ച ജോലിക്കാരനെ, അല്ലെങ്കിൽ നമ്മിലെ മികച്ച സംരംഭകനെ നൽകാറില്ല എന്നതാണ്. ഇങ്ങനെ നമ്മൾ നമ്മുടെ മികച്ച നമ്മളെ നമ്മിൽനിന്നും മോചിപ്പിക്കാതിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ചില പരാജയങ്ങളുടെയും, വേദനയുടെയും നിമിഷങ്ങൾ കാണിക്കാൻ തുടങ്ങും, ഇത് യഥാർത്ഥത്തിൽ നമ്മുടെ ആത്മാവ് രൂപകൽപ്പനചെയ്യുന്ന ഒരു പ്രക്രിയ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിന് ശാസ്ത്രീയമായ തെളിവൊന്നും നൽകാൻ ഇപ്പൊൾ എൻ്റെ കയ്യിൽ ഇല്ല. പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഇങ്ങനെയുള്ള വേദനകളുടെ, പരാജയങ്ങളുടെ നിമിഷങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഒരുപക്ഷേ വളരില്ലായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ സംഭവിച്ചത് ഇതുപോലെയുള്ള നിമിഷങ്ങൾ കാരണമാണ്. എൻ്റെ ഉറക്കമില്ലായ്മയും, അമിതവണ്ണവും, തലവേദനയും, ഇടുപ്പ് വേദനയും, മാനസിക പിരിമുറുക്കവും, ഉത്‌ക്കണ്‌ഠയും, വിഷാദവും, തുടങ്ങിയവ എല്ലാം വന്നപ്പോഴാണ് ഞാൻ എൻ്റെ ശരീരത്തെയും മനസ്സിനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്. അപ്പോഴാണ് ഞാൻ എൻ്റെ മനസ്സിൻ്റെ ശക്തിയെകുറിച്ച് കൂടുതൽ മനസ്സിലാക്കിയത്. അങ്ങനെയാണ് വെറും ഒരു കമ്പ്യൂട്ടർ ഹാക്കർ ആയിരുന്ന ഞാൻ, കമ്പ്യൂട്ടറുകൾ ശരിയാക്കുന്നതിന് പകരം ഈ കമ്പ്യൂട്ടറുകൾ കണ്ടുപിടിച്ച കമ്പ്യൂട്ടറിനെ ശരിയാക്കാൻ തുടങ്ങിയത്, കമ്പ്യൂട്ടർ ഹാക്കറിൽ നിന്നും ബയോ ഹാക്കറി ലേക്കുള്ള യാത്ര തുടങ്ങുന്നത് ഇതുപോലെ യുള്ള ഈ വേദനയുടെയും നിമിഷങ്ങൾ കൊണ്ടാണ്. ആത്മഹത്യ ചെയ്താലോ എന്ന് പലപ്പോഴും ആലോചിച്ചിരുന്ന ഞാൻ, ഇന്ന് ആത്മഹത്യയിൽ നിന്ന് പലരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എന്നെ സഹായിച്ചതും എൻ്റെ ആ വേദനയാർന്ന നിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ പരാജയങ്ങൾ നമ്മുടെ ജീവിത പാക്കേജിൻ്റെ ഭാഗമാണെന്നും അത് കൂടി ഉണ്ടെങ്കിലേ നാം മാറുകയും വളരുകയും ഉള്ളൂ എന്ന് മനസ്സിലാക്കുമ്പോൾ, ഈ ചടുലതയും വൈകാരിക ഉന്മേഷവും നിങ്ങളിൽ ഉണ്ടാകുമ്പോള്‍, നിങ്ങളിൽ ക്രമാതീതമായുള്ള ആന്തരികവും ബാഹ്യവുമായ വളർച്ച സാധ്യമാകും. അതുകൊണ്ടുതന്നെ ഒരു പക്ഷെ ഈ പരാജയങ്ങളുടെയും, വേദനകളുടെയും നിമിഷങ്ങൾ അനിവാര്യമാണ്.
ഈ രീതിയിൽ നിങ്ങൾ പരാജയങ്ങളെ നോക്കി കാണുമ്പോൾ , പരാജയങ്ങൾ യഥാർത്ഥത്തിൽ പരാജയങ്ങളല്ല, മറിച്ച് നിങ്ങളിലെ മികച്ച നിങ്ങളെ നിർമിക്കാനുള്ള നിങ്ങളുടെ ആത്മാവിൻ്റെ കളികളാണെന്നും മനസ്സിലാകും. നമ്മുടെ കയ്യിൽ ഒരു ശക്തമായ ജിപിഎസ് സിസ്റ്റം ഉണ്ട്, അതിനെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സെന്നോ, ആത്മാവെന്നോ വിളിക്കാം, അത് നമുക്ക് വഴികാട്ടിത്തരും. നാം നമ്മുടെ ആത്മാവിനെ ഒരു ജിപിഎസ് പോലെ ഉപയോഗിക്കാൻ പഠിച്ചാൽ ഒരു പക്ഷെ നമുക്ക് ഈ വേദനയുടെയും നിമിഷങ്ങളെ നമുക്ക് ഹാക് ചെയ്യാൻ സാധിക്കുമായിരിക്കും. 😀
നിങ്ങൾക്ക് എന്ത് തോന്നുന്നു..?
നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ..?
നിങ്ങളുടെ കമെന്‍റ് താഴെ രേഖപ്പെടുത്തുമല്ലോ…
എൻ്റെ മെൻ്റെറും, എഴുത്തുകാരനുമായ വിഷൻ ലഘിയാനിയുടെ ഒരു ഉദ്ധരണി എവിടെ കുറിച്ചുകൊണ്ട് ഞാൻ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.
“Your soul is not here to achieve…
Your soul is here to grow”.–Vishen Lakhiani